Friday, September 18, 2009

മഴയ്ക്കൊപ്പം



കാത്തിരുന്നു കിട്ടിയ ചുവന്ന പൂക്കൾക്ക് മനുഷ്യ രക്തത്തിന്റെ ഗന്ധം,
ഇരുട്ടിനെ പിളർക്കേണ്ട മിന്നൽപ്പിണരിന് തെരുവു വിളക്കിന്റെ ദൈന്യത,
ഇതു വരെ കിട്ടിയ സ്നേഹത്തിന്റെ കണക്കിൽ ഇനിയും വരവു ബാക്കി,
ഇരന്നു വാങ്ങിയ പ്രണയത്തിന്റെ പുസ്തകത്തിൽ അലസിപ്പോയ ഗർഭത്തിന്റെ കണക്കുകൾ,
സൌഹൃദത്തിന്റെ കിടക്കകളിൽ ശീൽക്കാരത്തിൽ മുങ്ങിയ വിയർപ്പിന്റെ മണം
അളന്നു വാങ്ങിയ ബന്ധങ്ങളൊക്കെയും ഉരച്ചു നോക്കിയപ്പോൾ മുക്കു ബന്ധം

പുറത്ത് മഴ പെയ്യുകയാണ്.
കുത്തിക്കുറിച്ചിരുന്ന കടലാസ്സു കീറിയെറിഞ്ഞ്
പണ്ടെപ്പൊഴോ നഷ്ടപ്പെട്ടു പോയ ആ കുഞ്ഞു ട്രൌസറുമിട്ട്
പുറത്തേക്കോടി ഉമ്മറപ്പടിയിലെ തണൂത്ത തിണ്ണയിലിരുന്ന്
മഴക്കൊപ്പം ഉറക്കെയലറിക്കരയാൻ തോന്നി.

Saturday, February 21, 2009

മരണം

മരണം,
കിനാവുകളെ ഗളഛേദം ചെയ്ത്
ഒരു മാലാഖയെ പോലെ അണയുമ്പോള്‍
ഇരുള്‍,
ജീവന്റെ പുതപ്പു പോലെ
അനുവാദം കാത്തു നില്‍ക്കാതെ
പുണരുമ്പോള്‍
ഹൃദയം,
എന്നെ വെറുത്തിട്ടെന്ന പോലെ
താളം നിറുത്തുമ്പോള്‍
കണ്ണുകള്‍,
നിറങ്ങളെ ഉപേക്ഷിച്ച് ഇരുളിനെ
പ്രണയിക്കുമ്പോള്‍
ഉടല്‍,
മണ്ണുമാത്രം തേടി ഉഴറുമ്പോള്‍
ഞാന്‍ തനിച്ചാകുന്നു
ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്നു.

Thursday, July 24, 2008

അവള്‍

രാവു പുലരുവോളം ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
എന്റെ സ്നേഹത്തിന്റെ തീവ്രതയെകുറിച്ച്, കളങ്കമില്ലാത്ത എന്റെ പ്രണയത്തെകുറിച്ച്,
ശബളമല്ലെങ്കിലും ചപലമല്ലാത്ത സാര്‍ത്ഥകവും അനശ്വരവുമായ സ്നേഹത്തിന്റെ
പൊരുളിനെ കുറിച്ച്. അപ്പോഴും അവള്‍ എന്റെ മടിയില്‍ തല ചായ്ച്ച് മിഴിയനക്കാ‍തെ
ദൂരെ ആകാശത്തില്‍ തറച്ചു മിന്നുന്ന നക്ഷത്രങ്ങളിലേക്കു നോക്കി കിടന്നു.
ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു, ഇടമുറിയാത്ത ജലധാര പോലേ !
പകല്‍ മിഴി പൂട്ടുവോളം ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
ദേഹത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ച്, ഗര്‍ഭപാത്രത്തിന്റെ മഹത്വത്തെ കുറിച്ച്,
ആത്മാവിന്റെ മരണമില്ലാത്ത ബന്ധങ്ങളെ കുറിച്ച്, പിന്നെ വീണ്ടും വീണ്ടും
ഞാന്‍ ആണയിട്ടു പറഞ്ഞ എന്റെ സ്നേഹത്തിന്റെ സത്യത്തെ കുറിച്ച്.
അപ്പോഴും അവള്‍ എന്റെ തോളില്‍ തല ചായ്ച്ച് ഇമ വെട്ടാതെ
ഉലകിന്റെ നഗ്നത വെളിവാക്കുന്ന പകല്‍ വെയിലിലേക്കു നോക്കി കൊണ്ടിരുന്നു.
ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു. നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴ പോലെ !
പെട്ടെന്ന് അവള്‍ ഉറക്കെ ചിരിച്ചു, എന്റെ വാക്കുകളുടെ നാവു പിഴുതെടുക്കും വിധം ഉറക്കെ, എന്റെ ഹൃദയം പൊട്ടുമാറുച്ചത്തില്‍ ആര്‍ത്തു ചിരിച്ചു.
പിന്നെ പതിവു കണക്കെ മുട്ടോളം വരുന്ന കുഞ്ഞുടുപ്പുമിട്ട്, പ്രണയം അരക്കെട്ടിലാണെന്നു പറയും പോലൊരു നോട്ടമെന്നിലേക്കെറിഞ്ഞ്, കണ്ണുകളില്‍ പരിഹാസം നിറച്ച് എന്നില്‍ നിന്നും നടന്നകന്നു.
ലോകത്തിന്റെ ചവറ്റുകുട്ടയിലേക്ക്, എന്റെ മനസ്സിന്റെയും!


Monday, June 2, 2008

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ എന്നും വേദനയാണ്,
ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണെന്നറിയുമ്പോള്‍.

പൂക്കളും മര്‍മ്മരങ്ങളും കിളിക്കൊന്ചലുകളും
എന്നെ തനിച്ചാക്കിയപ്പോള്‍
കാലം ബാല്യത്തെ ഓര്‍മ്മകളിലേക്കിറുത്തുമാറ്റി.
കലാലയവും സൌഹൃദങ്ങളും കുസൃതികളും
എന്നെ പരിഹസിച്ചപ്പോള്‍
കാലം കൌമാരത്തെ ഓര്‍മ്മകളിലേക്കറുത്തെടുത്തു.
വേദനയില്ലാത്ത ഇന്നലെകള്‍
ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നു
ഇനി, നാളെയൊരുനാള്‍
ഇന്നും ഓര്‍മ്മകളിലേക്കെറിയപ്പെടും
ഞാന്‍ അറിയുന്നു
എന്നില്‍ എനിക്കൊന്നും ഇല്ലായെന്ന്
ഞാന്‍ ഓര്‍മ്മകളുടെ ഒരു സമൂഹമാണെന്ന്.

Friday, May 16, 2008

മഴ - കുളിരും ചൂ‍ടും

കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
തൊടിയിലെ ആട്ടിന്‍ പറ്റങ്ങള്‍
ഒരു വരവേല്‍പ്പ് പോലെ നിര്‍ത്താതെ
പുലമ്പി കൊണ്ടിരിക്കുമ്പോള്‍
തെങ്ങോലകള്‍ക്കും ആലിലകള്‍ക്കും
ഇടയിലൂടൊരു വിറങ്ങലിച്ച
കാറ്റൊഴുകിയെത്തുമ്പോള്‍
ശൂന്യതയുടെ കവിളുകള്‍ തഴുകി
നനുത്ത മുത്തു പോലൊരായിരം
തുള്ളികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
വിടരുന്ന മുല്ല മൊട്ടിനേക്കാള്‍
കൊതിപ്പിക്കുന്ന മണ്ണിന്റെ ഗന്ധം ഉയിരെടുത്തലയുമ്പോള്‍
എന്റെ മിഴികള്‍ വിടരുമായിരുന്നു
മനസ്സില്‍ വസന്തങ്ങള്‍ പിറക്കുമായിരുന്നു
ആനന്ദത്തിന്റെ ഒരു നേര്‍ത്ത കുളിര്‍
ഹൃദയത്തിലൂടുലാത്തുമായിരുന്നു
മരിച്ച മണ്ണില്‍ ജീവന്‍ മുളപ്പിക്കും പോലെ
കരിഞ്ഞ മനസ്സില്‍ പ്രണയം മുളപ്പിക്കുന്ന മഴ.

ഇന്ന്,
കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
എന്റെ ഹൃദയത്തില്‍ തീ മഴ പെയ്യുന്നു
ഒലിച്ചു പോയ കൂരക്കിടയില്‍ നിന്നും
കുഞ്ഞു പെങ്ങളുടെ വിലാപം കേള്‍ക്കുന്നു
ഇരുട്ടു പൊതിയുന്ന മേഘങ്ങളില്‍ നിന്നും
ആര്‍ത്തു പെയ്യുന്ന മഴ ശൂലങ്ങള്‍
എന്റെ ജീവനില്‍ കറുപ്പു വിതക്കുന്നു
പശി തീര്‍ക്കാന്‍ കാത്തു നിന്ന കതിരിനെ കൊല്ലും പോലെ
സ്വപ്നങ്ങളെയും കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ.

Tuesday, May 6, 2008

നീയറിഞ്ഞിരുന്നുവോ...

പ്രിയപ്പെട്ടവളേ..............................
നീ കുറിച്ചിട്ടു പോയ ഓരോ വരികളുടെയും പൊരുള്‍
കുറിക്കും മുന്‍പ് നീ അളന്നിരുന്നുവോ....?
കൈ വിട്ടു പോയ നിന്റെ ആത്മാവിന്റെ പ്രയാണം
എന്നിലേക്കാ‍ണെന്ന് നീ അറിഞ്ഞിരുന്നുവോ....?
ഇല്ലായിരുന്നെങ്കില്‍ അറിയുക,
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
ചത്തു മരവിച്ച ചുമരുകളിലും അല്ല
ചോ‍ര തുടിക്കുന്ന എന്റെ ഹൃദയത്തിലേക്കാണു നീ
നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ നിറച്ചൊഴിച്ചത്.

എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോ‍ലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്.

Friday, May 2, 2008

കണ്ണുനീര്‍


ജീവന്റെ സിരകളില്‍ രക്തം പൊടിയുന്നു
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!