Friday, May 16, 2008

മഴ - കുളിരും ചൂ‍ടും

കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
തൊടിയിലെ ആട്ടിന്‍ പറ്റങ്ങള്‍
ഒരു വരവേല്‍പ്പ് പോലെ നിര്‍ത്താതെ
പുലമ്പി കൊണ്ടിരിക്കുമ്പോള്‍
തെങ്ങോലകള്‍ക്കും ആലിലകള്‍ക്കും
ഇടയിലൂടൊരു വിറങ്ങലിച്ച
കാറ്റൊഴുകിയെത്തുമ്പോള്‍
ശൂന്യതയുടെ കവിളുകള്‍ തഴുകി
നനുത്ത മുത്തു പോലൊരായിരം
തുള്ളികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
വിടരുന്ന മുല്ല മൊട്ടിനേക്കാള്‍
കൊതിപ്പിക്കുന്ന മണ്ണിന്റെ ഗന്ധം ഉയിരെടുത്തലയുമ്പോള്‍
എന്റെ മിഴികള്‍ വിടരുമായിരുന്നു
മനസ്സില്‍ വസന്തങ്ങള്‍ പിറക്കുമായിരുന്നു
ആനന്ദത്തിന്റെ ഒരു നേര്‍ത്ത കുളിര്‍
ഹൃദയത്തിലൂടുലാത്തുമായിരുന്നു
മരിച്ച മണ്ണില്‍ ജീവന്‍ മുളപ്പിക്കും പോലെ
കരിഞ്ഞ മനസ്സില്‍ പ്രണയം മുളപ്പിക്കുന്ന മഴ.

ഇന്ന്,
കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
എന്റെ ഹൃദയത്തില്‍ തീ മഴ പെയ്യുന്നു
ഒലിച്ചു പോയ കൂരക്കിടയില്‍ നിന്നും
കുഞ്ഞു പെങ്ങളുടെ വിലാപം കേള്‍ക്കുന്നു
ഇരുട്ടു പൊതിയുന്ന മേഘങ്ങളില്‍ നിന്നും
ആര്‍ത്തു പെയ്യുന്ന മഴ ശൂലങ്ങള്‍
എന്റെ ജീവനില്‍ കറുപ്പു വിതക്കുന്നു
പശി തീര്‍ക്കാന്‍ കാത്തു നിന്ന കതിരിനെ കൊല്ലും പോലെ
സ്വപ്നങ്ങളെയും കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ.

Tuesday, May 6, 2008

നീയറിഞ്ഞിരുന്നുവോ...

പ്രിയപ്പെട്ടവളേ..............................
നീ കുറിച്ചിട്ടു പോയ ഓരോ വരികളുടെയും പൊരുള്‍
കുറിക്കും മുന്‍പ് നീ അളന്നിരുന്നുവോ....?
കൈ വിട്ടു പോയ നിന്റെ ആത്മാവിന്റെ പ്രയാണം
എന്നിലേക്കാ‍ണെന്ന് നീ അറിഞ്ഞിരുന്നുവോ....?
ഇല്ലായിരുന്നെങ്കില്‍ അറിയുക,
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
ചത്തു മരവിച്ച ചുമരുകളിലും അല്ല
ചോ‍ര തുടിക്കുന്ന എന്റെ ഹൃദയത്തിലേക്കാണു നീ
നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ നിറച്ചൊഴിച്ചത്.

എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോ‍ലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്.

Friday, May 2, 2008

കണ്ണുനീര്‍


ജീവന്റെ സിരകളില്‍ രക്തം പൊടിയുന്നു
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!